കോഴിക്കോട്: കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈക്കോടതി റദ്ദാക്കി. ലേല വില്‍പനയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുനര്‍മൂല്യനിര്‍ണയം നടത്തി 6 മാസത്തിനകം വീണ്ടും ലേലം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വായ്പ തുക കുടിശ്ശികയുടെ പേരിലാണ് 30 കോടിയുടെ കെട്ടിടം കെഎഫ്‌സി സ്വന്തം നിലയില്‍ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്തത്.
കോഴിക്കോട് കസബ വില്ലേജിലെ പേള്‍ ഹില്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്റെ 16.21 ആര്‍സ് ഈട് വസ്തു കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ലേലം ചെയ്ത നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടപെടല്‍.
ലേല വില്‍പനയിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആളുടെ വസ്തു വില്‍ക്കുമ്പോള്‍ മികച്ച വില ഉറപ്പാക്കാന്‍ ‘ട്രസ്റ്റി’ എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട കെഎഫ്‌സി അതില്‍ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. വസ്തു ലേലത്തില്‍ പിടിച്ചവര്‍ക്ക് ആ വസ്തു വാങ്ങാന്‍ വേണ്ടി തന്നെ കെഎഫ്‌സി 5 കോടി രൂപയുടെ ലോണ്‍ അനുവദിച്ചു. ഇത് കെഎഫ്‌സിയുടെ സ്വന്തം സര്‍ക്കുലര്‍ വ്യവസ്ഥകള്‍ക്ക് പോലും വിരുദ്ധമായാണ് ചെയ്തത്. ലേലം സ്ഥിരീകരണ കത്ത് ലഭിച്ചയാള്‍ക്ക് മാത്രമേ ലോണ്‍ നല്‍കാവൂ എന്ന വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
