കോഴിക്കോട്: സഹകരണ മേഖലയിലൂടെ ചിലവ് കുറഞ്ഞ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള ‘കോ-ഫ്ളൈറ്റ്’ പദ്ധതിയെ മലബാർ ഡെവലപ്മെന്റ് കൗൺസിൽ (എം.ഡി.സി.) സ്വാഗതം ചെയ്തു. സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് പദ്ധതി നടപ്പാക്കുന്നത് പ്രയോജനകരമാണെന്നും, ഓഹരിയെടുത്ത് പദ്ധതിയുമായി സഹകരിക്കുമെന്നും കൗൺസിൽ ഭാരവാഹികളുടെ ഓൺലൈൻ യോഗം തീരുമാനിച്ചു.
ചുരുങ്ങിയ ദിവസങ്ങളിലെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ പദ്ധതി ഏറെ ഗുണകരമാകുമെന്ന് യോഗം വിലയിരുത്തി. കണക്ടിവിറ്റി പരിമിതികൾ കാരണം നഷ്ടമായ ചലച്ചിത്ര ചിത്രീകരണങ്ങൾ വീണ്ടും കോഴിക്കോട്ടേക്ക് ആകർഷിക്കാനും പദ്ധതിക്ക് കഴിയുമെന്നും അഭിപ്രായപ്പെട്ടു.
വലിയ മുതൽമുടക്കോ ദീർഘകാല ഭൂമിയേറ്റെടുപ്പ് നടപടികളോ ആവശ്യമില്ലാതെ വേഗത്തിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതിയായതിനാൽ വ്യോമയാന മന്ത്രാലയത്തിന്റെയും സഹകരണ വകുപ്പിന്റെയും അനുമതിക്ക് വിധേയമായി പങ്കാളികളാകാനും ഓഹരികൾ ഏറ്റെടുക്കാനും കേരളത്തിലെയും യു.എ.ഇയിലെയും കൗൺസിൽ ഭാരവാഹികൾ, പ്രവാസി സംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, പ്രവാസി മലയാളികൾ എന്നിവർ സന്നദ്ധത അറിയിച്ചതായും യോഗം വ്യക്തമാക്കി.
കേന്ദ്രസർക്കാർ തത്വത്തിൽ പ്രാഥമിക അനുമതി നൽകിയ ഗുരുവായൂരിലും വയനാട്ടിലും എയർസ്ട്രിപ്പുകൾ നിർമ്മിച്ച് കോ-ഫ്ളൈറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഓൺലൈൻ യോഗത്തിൽ സിഎസ്ഐ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായ എം.ഡി.സി. രക്ഷാധികാരി ഡോ. എ.വി. അനൂപ്, പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി, സീനിയർ വൈസ് പ്രസിഡന്റ് എ. ശിവശങ്കരൻ, ജനറൽ സെക്രട്ടറി അഡ്വ. എം. കെ. അയ്യപ്പൻ, ഖജാൻജി എം. വി. കുഞ്ഞാമു, യു.എ.ഇ. കോ-ഓർഡിനേറ്റർ സി. എ. ബ്യൂട്ടി പ്രസാദ്, മുഹമ്മദ് ഷക്കീർ, പി. ഐ. അജയൻ, സംഗീത ജോബ് കൊള്ളന്നൂർ, റൊണാൾഡ് ജി. ജെ. എന്നിവരും വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
