ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പതിനൊന്നാമത് ഗവേഷണ ഉപദേശകസമിതി (RAC) യോഗത്തോടനുബന്ധിച്ച് വിവിധ സാങ്കേതികവിദ്യാ കൈമാറ്റങ്ങളും പുതിയ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനവും നടന്നു. കണ്ണൂർ ആസ്ഥാനമായ ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡുമായി ഗവേഷണ സ്ഥാപനം ധാരണാപത്രം ഒപ്പുവച്ചു. ഐഐഎസ്ആർ ഡയറക്ടർ ഡോ. ആർ. ദിനേശും കമ്പനി ചെയർമാൻ റവ. സിബി പാലകുഴിയും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കർഷകർക്കിടയിൽ സുഗന്ധവ്യഞ്ജന കൃഷിയിലെ നൂതന സാങ്കേതികവിദ്യകളുടെ കൈമാറ്റവും പ്രചാരണവും ശക്തിപ്പെടുത്തുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.

യോഗത്തിൽ ഗവേഷണ സ്ഥാപനത്തിലെ ബയോഇൻഫർമാറ്റിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ജീനോമിക്സ് ഫെസിലിറ്റി വികസിപ്പിച്ച നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് (NGS) ടൂൾകിറ്റും ഡാറ്റാ വിശകലനത്തിനായുള്ള നിർമിതബുദ്ധി അധിഷ്ഠിത വെബ് ആപ്ലിക്കേഷനുകളും പുറത്തിറക്കി. ഉയർന്ന അളവിലുള്ള സീക്വൻസിങ് ഡാറ്റയുടെ വിശകലനം ലളിതമാക്കുന്നതിനായി വികസിപ്പിച്ച ടൂൾകിറ്റ്, വിപുലമായ പ്രോഗ്രാമിങ് പരിജ്ഞാനം ആവശ്യമില്ലാതെതന്നെ ഗവേഷകർക്ക് ഡാറ്റാ വിശകലനം നടത്താൻ സഹായിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇതോടൊപ്പം, ഏലപ്പേൻ നിയന്ത്രിക്കുന്നതിനുള്ള ലെക്കാനിസിലിയം സാലിയോട്ടെ അടിസ്ഥാനമാക്കിയുള്ള ഗ്രാനുലാർ സാങ്കേതികവിദ്യയുടെ വാണിജ്യ ഉൽപ്പാദനത്തിനും വിപണനത്തിനുമുള്ള ലൈസൻസ് മഹാരാഷ്ട്രയിലെ ബോട്ടാഗ്നിക്സ് പ്രൈവറ്റ് ലിമിറ്റഡിന് നൽകി. ഐ.ഐ.എസ്.ആർ ചന്ദ്ര കുരുമുളക് ഇനത്തിന്റെ രണ്ട് പുതിയ ലൈസൻസുകളും ചടങ്ങിൽ കൈമാറി.

ഉപദേശക സമിതി ചെയർമാൻ ഡോ. ബി.എം.സി. റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡോ. അസാദ് സിംഗ് പൻവാർ, ഡോ. സി.കെ. നാരായണ, ഡോ. എസ്.എൻ. സുശീൽ, ഡോ. സുധാകർ പാണ്ഡെ, ഡോ. വി. വെങ്കടസുബ്രഹ്മണ്യൻ, ഡോ. വിശ്വനാഥൻ ചിന്നുസാമി, ശ്രീ. സി.പി. പൂവയ്യ, ശ്രീ. കെ.ടി. വിബിൻ എന്നിവർ പങ്കെടുത്തു. സ്ഥാപനത്തിന്റെ ഗവേഷണ നേട്ടങ്ങളെയും സാങ്കേതിക വികസന പ്രവർത്തനങ്ങളെയും കമ്മിറ്റി അംഗങ്ങൾ അഭിനന്ദിക്കുകയും കർഷകരുമായും വ്യവസായ മേഖലയുമായുമുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *