ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ കഴിഞ്ഞ ദിവസത്തെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. യാചിച്ചവർക്ക് മാപ്പ് കിട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ്കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ടാണ് ട്വീറ്റ്.
കങ്കണയുടെ പ്രസ്താവനയിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസിൽ നിന്നുണ്ടാവുന്നത്. നടിക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോൺഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ നിയമത്തെയോ ഭരണഘടനയെയോ അനുസരിക്കാത്ത ഒരാൾക്ക് പദ്മ ശ്രീ പുരസ്കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറയുന്നു.
നടി കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇതിനെ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു വരുണ്‍ഗാന്ധിയുടെ പ്രതികരണം.
‘ചിലപ്പോള്‍ ഇത് മഹാത്മാഗാന്ധിയുടെ ത്യാഗത്തോടുള്ള അപമാനം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം. മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി നിരവധി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഗണനയാണിത്. താരത്തിന്റെ ഈ ചിന്തയെ ഞാന്‍ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടത്,’ എന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
