കോഴിക്കോട്: പാസ്പോർട്ട് സേവന ഫീസ് വർധനയും അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളിലെ അനിയന്ത്രിത വർധനയും കേന്ദ്ര സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് പ്രോഗ്രസീവ് മൈഗ്രന്റ്സ് ഓർഗനൈസേഷൻ (PMO) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രവാസികളെയും വിദേശ തൊഴിൽ സ്വപ്നം കാണുന്ന യുവജനങ്ങളെയും വിദ്യാർത്ഥികളെയും നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

PMO ആക്ടിംഗ് പ്രസിഡന്റ് നസീൽ ഇബ്രാഹിമിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എൻ.പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
പാസ്പോർട്ട് ഒരു ആഡംബര സേവനമല്ലെന്നും വിദേശത്ത് തൊഴിൽ തേടുന്നവർക്കും വിദ്യാർത്ഥികൾക്കും സാധാരണ തൊഴിലാളികൾക്കും അത്യാവശ്യ രേഖയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഫീസ് വർധന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അധിക ബാധ്യത സൃഷ്ടിക്കുമെന്നും ഈ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

ഇറാൻ–ഇസ്രായേൽ സംഘർഷകാലത്ത് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിമാനക്കമ്പനികൾ ഗൾഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിരുന്നെങ്കിലും നിലവിൽ യുദ്ധഭീതി ശമിക്കുകയും വ്യോമഗതാഗതം സാധാരണ നിലയിലാകുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്ത സാഹചര്യത്തിൽ പോലും ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. പ്രവാസി തൊഴിലാളികൾ, വിദ്യാർത്ഥികൾ, രോഗികൾ, അടിയന്തര യാത്രക്കാർ എന്നിവരാണ് ഇതിന്റെ പ്രധാന ഇരകളെന്നും യോഗം ചൂണ്ടിക്കാട്ടി.
പാസ്പോർട്ട് സേവന ഫീസ് വർധന ഉടൻ പിൻവലിക്കുക, ഗൾഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകളിൽ സമഗ്ര അന്വേഷണം നടത്തുക, വിമാനക്കമ്പനികളുടെ അന്യായ വിലനിർണയം നിയന്ത്രിക്കാൻ ശക്തമായ റെഗുലേറ്ററി സംവിധാനം ഏർപ്പെടുത്തുക, പ്രവാസി തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും പ്രത്യേക ഇളവ് നിരക്കുകൾ നടപ്പാക്കുക, ടിക്കറ്റ് നിരക്കുകളിൽ പൂർണ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.
യോഗത്തിൽ റഷീദ് കുന്നംകുളം, നാസർ അലി, കെ.എ. സതീശൻ, അഷ്റഫ് കായക്കൽ, മുഹമ്മദ് നസീൽ, എം. ഹുസൈൻ, എം.കെ. രഘുനാഥൻ, എ. അബ്ദുൽ അസീസ്, ഹംസ കെ.സി., അബ്ദുൽ റഷീദ്, അബ്ദുസമദ്, സരിഗ എന്നിവർ സംസാരിച്ചു. എം.കെ. രഘുനാഥൻ നന്ദി രേഖപ്പെടുത്തി.

പ്രവാസികളുടെയും മൈഗ്രന്റുകളുടെയും അവകാശ സംരക്ഷണത്തിനും സാമൂഹിക–സാമ്പത്തിക ക്ഷേമത്തിനുമായി ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ തുടരുമെന്ന് PMO സംസ്ഥാന നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *