മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. മുംബൈയിലെ കുര്‍ളയില്‍ യൂനുസ് കുണ്ഡവാല (65) എന്നയാളാണ് മരിച്ചത്. ശക്തമായ മഴയില്‍ ഒരാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.

ജൂണ്‍ 30ന് ഒരു സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം വീണ് 11 വയസുകാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ മുംബൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നഗരത്തിലെ ബുള്ളറ്റ് ട്രെയിന്‍ തുരങ്ക നിര്‍മാണം മാറ്റിവെക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് പൂനെയില്‍ മതിലിടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും വെള്ളക്കെട്ടുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുംബൈ മേയര്‍ റിതു തവ്‌ഡെ വോര്‍ലി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം വെള്ളക്കെട്ടുള്ള റെയില്‍വേ ട്രാക്കിലൂടെ വന്ദേഭാരത് കടന്നുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ 11 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ജയ്പൂരിലേക്കാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടത്. വഴി തിരിച്ചുവിട്ടവയില്‍ ഭൂരിഭാഗവും എയര്‍ ഇന്ത്യ വിമാനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *