ന്യൂ ഡൽഹി: ഖത്തറിന്റെ മുൻ ഭരണാധികാരിയും ‘ഫാദർ അമീർ’ എന്നറിയപ്പെടുന്ന ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും, ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു ശൈഖ് ഹമദെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ കുറിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം. “ഖത്തർ മുൻ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 2024 ഫെബ്രുവരിയിൽ ഞാൻ ഖത്തർ സന്ദർശിച്ച വേളയിൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ച കാര്യം ഓർക്കുന്നു. ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നു അദ്ദേഹം,” പ്രധാനമന്ത്രി കുറിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്കും രാജകുടുംബാംഗങ്ങൾക്കും ഖത്തറിലെ ജനങ്ങൾക്കും അദ്ദേഹം അനുശോചനം അറിയിച്ചു.
ഞായറാഴ്ച രാവിലെയായിരുന്നു ഖത്തറിന്റെ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ അന്ത്യം. ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. 1995 മുതൽ 2013 വരെ 18 വർഷക്കാലം അദ്ദേഹം ഖത്തറിന്റെ അമീറായി സേവനമനുഷ്ഠിച്ചു. 2013-ൽ ഭരണം തന്റെ മകനും നിലവിലെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറിയ തീരുമാനം അന്ന് ലോകശ്രദ്ധ നേടിയിരുന്നു.
