നെന്മാറ പോത്തുണ്ടി കൊലപാതകക്കേസിലെ കുറ്റക്കാരന്‍ ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെണ്‍മക്കള്‍.മാതാപിതാക്കളെ കൊന്ന വേദന ചെന്താമര അറിയണമെന്നും അയാളെ പുറത്തിറക്കരുതെന്നും മക്കള്‍ പറഞ്ഞു. കോടതിവളപ്പില്‍ വെച്ചാണ് കൊല്ലപ്പെട്ട ദമ്പതികളുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിച്ചത്. പുറത്തിറങ്ങിയാല്‍ തങ്ങളുടെ ജീവന് തന്നെ ആപത്താണെന്നും മക്കള്‍ പറഞ്ഞു. സുധാകരന്റെയും സജിതയുടെയും മക്കള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ബന്ധു ആവശ്യപ്പെട്ടു.
അതേസമയം, നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക്കേസിലെ കുറ്റക്കാരന്‍ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ് വിധിച്ചിരുന്നു. തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചൊളൂവെന്നാണ് ചെന്താമര കോടതിയില്‍ പറഞ്ഞത്. വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റാണ് ചെയ്തത് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി.
