ന്യൂ ഡല്‍ഹി: 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി. ഗുവാഹത്തി ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. പൗരത്വ കേസ് പുനപരിശോധിക്കാനും ട്രൈബ്യൂണലിന് നിര്‍ദ്ദേശം നല്‍കി. ട്രൈബ്യൂണല്‍ തീരുമാനമെടുക്കുന്നത് വരെ 27 പേരെ നാടുകടത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ട്രൈബ്യൂണല്‍ തീരുമാനം ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത്ത എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് റദ്ദാക്കിയത്. പൗരത്വ നിര്‍ണയം സുതാര്യമാകണമെന്നും സുപ്രിംകോടതി പറഞ്ഞു. പൗരത്വ നിര്‍ണ്ണയം ന്യായവും യുക്തിസഹവുമാകണമെന്ന നീരീക്ഷണവുമുണ്ടായി.
അസം സ്വദേശികളായ 27 പേരെയാണ് വിദേശികളായി ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചത്. ഈ വിധി ഗുവാഹത്തി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. വിദേശികളായി പ്രഖ്യാപിച്ച 27 പേരുടേയും അപ്പീല്‍ പരിഗണിച്ചാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. അസമിലെ വോട്ടര്‍പ്പട്ടികയിലെ അടക്കം സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരായ സാബിത്രി ദേയ്, അജ്ബഹര്‍ അലി, അബേദ ഖാതുന്‍, അനോവര ഖാതുന്‍ ഉള്‍പ്പടെയുള്ള 27 പേരുടെ പൗരത്വം ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇവരെ വിദേശികളെന്ന് മുദ്രകുത്തുന്ന നടപടിയും ഫോറിനര്‍ ട്രൈബ്യൂണനില്‍ നിന്നുണ്ടായി.
ഇത് ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഗുവാഹത്തി ഹൈക്കോടതി തള്ളിയിരുന്നു. താന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഹര്‍ജിക്കാരനാണെന്നും അവരെ വിദേശികളായി പ്രഖ്യാപിച്ച നടപടി ശരിയാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ വോട്ടര്‍പ്പട്ടികയിലടക്കം അക്ഷരത്തെറ്റ് ഉണ്ടായി, ചില കാര്യങ്ങള്‍ പൂരിപ്പിച്ചില്ല തുടങ്ങിയ സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ഇത്തരം കാര്യങ്ങളില്‍ പൗരത്വം റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ട്രൈബ്യൂണനിന്റെ നടപടിയും അത് ശരിവെച്ച ഹൈക്കോടതി തീരുമാനും ശരിയല്ല എന്നും ചൂണ്ടിക്കാട്ടി. ട്രൈബ്യൂണല്‍ ഇക്കാര്യത്തില്‍ പുതിയ തീരുമാനമെടുത്തമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
