മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടി. പതിനായിരമോ ലക്ഷമോ അല്ല. മറിച്ച്, 759 കോടി രൂപയുടെ ബാലന്‍സ് ആണ് കാമേശ്വര്‍ മിശ്ര തന്റെ അക്കൗണ്ടില്‍ കണ്ടത്.
ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. മകന്റെ അക്കൗണ്ടിലും സമാനമായ രീതിയില്‍ ഒരു വലിയ തുക ബാലന്‍സായി ഉണ്ടായിരുന്നു.
സാങ്കേതിക തകരാറുകള്‍ മൂലമാണ് ഇങ്ങനെ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ട ബാങ്ക് അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. കവിയായ കാമേശ്വര്‍ മിശ്ര തന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പിന്‍വലിക്കാന്‍ പോയപ്പോഴാണ് സംഭവം പുറത്തുവന്നത്. വികലാംഗ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താവായ മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പെന്‍ഷന്‍ തുക ലഭിച്ചതിനു ശേഷം തന്റെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അക്കൗണ്ടില്‍ 759,69,51,951 രൂപ ബാലന്‍സ് കാണിച്ചത്. അദ്ദേഹത്തിന്റെ മകന്റെ അക്കൗണ്ടിലും സമാനമായ ഒരു വലിയ തുക കാണിച്ചതോടെ രണ്ട് അക്കൗണ്ടുകളിലുമായി ആകെ 1,500 കോടി രൂപയിലധികം ബാലന്‍സ് ഉണ്ടെന്ന് വ്യക്തമായി.
ഇത്രയും വലിയ തുക അക്കൗണ്ടുകളില്‍ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇക്കാര്യം അന്വേഷിക്കാന്‍ ബാങ്കിനോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിച്ചുവെന്നും കാമേശ്വര്‍ മിശ്ര പറഞ്ഞു.
