അയോധ്യയിലെ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഹര്‍ജികളില്‍ ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും എസ്‌ഐടി രൂപീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്‌ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര ഫൊറന്‍സിക് ഓഡിറ്റ് വേണമെന്നാണ് ആര്‍ജെഡി എംപി സുധാകര്‍ സിംഗിന്റെ ഹര്‍ജിയിലെ ആവശ്യം.

അതേസമയം, ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രസമിതി ചെയര്‍മാന്റെ പി എ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. പ്രമോദ് നൗത്യാലാണ് ഡെറാഡൂണില്‍ അറസ്റ്റിലായത്. ഇന്നലെ രാത്രി ഡെറാഡൂണിലെ വീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.

ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്തതില്‍ ക്രമക്കേട് ഉണ്ടായെന്ന പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രമോദ് നൗത്യാലിനെ ക്ഷേത്ര സമിതി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ആണ് പൊലീസ് നടപടി. ക്ഷേത്ര സമിതി ചെയര്‍മാന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു പ്രമോദ് നൗത്യാല്‍.

Leave a Reply

Your email address will not be published. Required fields are marked *