ന്യൂ ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം. വിഷയത്തില്‍ വനിതാ-ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. നിലവിലെ ഐടി നിയമങ്ങളില്‍ ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പരിമിതികളുണ്ടെന്നാണ് ഐടി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്‍സ്റ്റാഗ്രാം പരസ്യങ്ങള്‍ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. പോക്‌സോ നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്നും ഐ ടി മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പണം നല്‍കിയുള്ള ചില പരസ്യങ്ങളില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതായി ബിബിസി ഐ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ചില പരസ്യങ്ങളില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന വാക്കുകളും ലിങ്കുകളും ഉണ്ടായിരുന്നുവെന്നും അവ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ വ്യാജ ഐഡന്റിറ്റിയില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് പ്ലാറ്റ്‌ഫോമിന്റെ ശുപാര്‍ശകളുടെ സ്വഭാവം പഠിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഉപയോക്താക്കള്‍ ആവശ്യപ്പെടാതെ തന്നെ ലൈംഗിക സൂചനകളുള്ള ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോം നിര്‍ദ്ദേശിക്കുന്നതായും കണ്ടെത്തിയെന്നാണ് ബിബിസി ഐ പറയുന്നത്. ലൈംഗിക സൂചനകള്‍ ഉള്‍ക്കൊള്ളുന്ന ചില അക്കൗണ്ടുകള്‍ പിന്തുടര്‍ന്നതിന് പിന്നാലെ ബിബിസി ഐ ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് സമാന സ്വഭാവമുള്ള നിരവധി പരസ്യങ്ങള്‍ എത്തിത്തുടങ്ങി. പിന്നീട് കുട്ടികളെ ഉള്‍പ്പെടുത്തിയ ലൈംഗിക ചൂഷണ സൂചനകളുള്ള പരസ്യങ്ങളും ടെലഗ്രാം ലിങ്കുകളും ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏകദേശം 30 വ്യത്യസ്ത പരസ്യങ്ങള്‍ ഒരു ആഴ്ചയ്ക്കിടെ കണ്ടെത്തിയതായാണ് ബിബിസി ഐ പറയുന്നത്. ഇതിന് പുറമെ പ്രായപൂര്‍ത്തിയായവരുടെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട നിരവധി പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടതായും ബിബിസി വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ചില പരസ്യങ്ങളില്‍ കുട്ടികളെ ലൈംഗിക സാഹചര്യങ്ങളില്‍ ചിത്രീകരിച്ചിരുന്നുവെന്നും, ചിലത് കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായതായി സൂചിപ്പിക്കുന്ന രീതിയിലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവയില്‍ ഒന്നിനെതിരെ പരാതി നല്‍കിയപ്പോള്‍, അത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഇന്‍സ്റ്റഗ്രാം ആദ്യം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *