പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി അരുണിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരിച്ച ഷഹാനയെ പ്രതി മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നതായും സ്ഥിരമായി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും മാതാവ് ഷീജ വെളിപ്പെടുത്തി. ഷഹാനയുടെ വീടും വസ്തുവും സാലറിയും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതെന്നും കുടുംബം ആരോപിക്കുന്നു.
ഷഹാനയ്ക്ക് സ്ഥിരമായ വരുമാനമുള്ളതിനാല്‍ പ്രതി അരുണ്‍ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. സ്വന്തമായി മൊബൈല്‍ ഫോണ്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഷഹാനയുടെ കയ്യില്‍ നിന്നും ഇയാള്‍ വലിയ തുകകള്‍ കൈപ്പറ്റിയിരുന്നു. ബാങ്കില്‍ നിന്ന് ലോണ്‍ എടുപ്പിച്ചു പോലും പണം നല്കാന് ഷഹാന നിര്‍ബന്ധിതയായി.
ഏകദേശം മൂന്നാല് മാസങ്ങള്‍ക്ക് മുന്‍പ് മതം മാറി വിവാഹം കഴിക്കാന്‍ അരുണ്‍ ആവശ്യപ്പെട്ടെങ്കിലും ഷഹാന അത് നിരസിച്ചു. തന്റെ കുഞ്ഞിനെ നോക്കി സ്വന്തം ജോലി ചെയ്ത് ജീവിക്കാനാണ് താല്‍പ്പര്യമെന്ന് ഷഹാന വ്യക്തമാക്കിയതിന് ശേഷമാണ് മാനസിക പീഡനവും ഭീഷണിയും വര്‍ധിച്ചതെന്ന് മാതാവ് പറയുന്നു. ഷഹാന ലോണെടുത്ത് പുതിയ വീട് വെച്ചതോടെ, ആ വീടും വസ്തുവും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ടോര്‍ച്ചറിങ് കൂടുതല്‍ കടുപ്പിച്ചു.
ഷഹാന മരിക്കുന്നതിന്റെ അന്നത്തെ ദിവസവും പ്രതി ഇത്തരത്തില്‍ കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിച്ചിരുന്നതായി അയല്‍വാസികളും മൊഴി നല്‍കിയിട്ടുണ്ട്. സംഭവദിവസം വഴിയില്‍ കാത്തുനിന്ന അരുണ്‍, ഷഹാന വീട്ടിലേക്ക് പോകുന്ന സമയത്ത് പുറകെ ചെല്ലുകയും വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ഷഹാനയെ പ്രതി കഠിനമായ സമ്മര്‍ദ്ദത്തിലാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മര്‍ദ്ദിച്ച കാര്യം പ്രതി പൊലീസിനോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
്
