ആലപ്പുഴ: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറില്‍ നിന്ന് ഡിജിപി വിശദീകരണം തേടും. വിശദീകരണം കൂടി കിട്ടിയ ശേഷമാകും ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക. അട്ടിമറിയില്‍ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് എസ്‌ഐടി ഇന്നലെ ഡിജിപിക്ക് നല്‍കിയിരുന്നു. ഇതിനിടെ ഡിജിപി നിയമനത്തിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച കേസില്‍ എ ഡി ജി പി യുടെ നേതൃത്വത്തില്‍ അട്ടിമറി നടന്നെന്നാണ് കണ്ടെത്തല്‍. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ ഡി ജി പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് മുന്‍ അന്വേഷണസംഘം എസ് ഐ ടിക്ക് മൊഴി നല്‍കിയിട്ടുണ്ട്. എ ഡി ജി പിയുടെ പൂര്‍ണ്ണ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകളില്‍ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍.
