ഗാങ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയർന്നു. ദുരന്തത്തിൽ ഇതുവരെ 20 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടസമയം തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത് 27 പേരാണ്. മരണപ്പെട്ട 13 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. കാണാതായ ഏഴ് പേരിൽ ഒരാൾ മലയാളി ജിയോളജിസ്റ്റ് എന്നും റിപ്പോർട്ട്. കോട്ടയം സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സമർദുങ്ങിലെ എൻഎച്ച്പിസി ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ തകർന്ന തുരങ്കത്തിനുള്ളിൽ ഏതാനും പ്രോജക്ട് ഓഫീസർമാർ ഉൾപ്പെടെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. “തുരങ്കത്തിനുള്ളിൽ കുടുങ്ങിയരിൽ 20 പേർ മരിച്ചതായി സ്ഥിരീകരിച്ചു,” നാംചി പൊലീസ് സൂപ്രണ്ട് (എസ്പി) സോനം ഡി ഭൂട്ടിയ പറഞ്ഞു. ഒന്നിലധികം ഏജൻസികൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിലും തിരച്ചിലിലും 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അവർ വ്യക്തമാക്കി. ഇതുവരെ ഏഴ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
മീഥെയ്ൻ വാതകം പെട്ടെന്ന് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് എൻഎച്ച്പിസി പ്രസ്താവനയിൽ പറഞ്ഞു. ബാക്കിയുള്ള തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രത്യേക ഖനന രക്ഷാ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് തമാങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാവിലെ ഗവർണർ ഓം പ്രകാശ് മാത്തൂറും മുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥലത്തെ ഉദ്യോഗസ്ഥരുമായി അവർ ആശയവിനിമയം നടത്തുകയും പരിക്കേറ്റ തൊഴിലാളികൾക്ക് മികച്ച വൈദ്യസഹായവും പിന്തുണയും ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇരകൾക്ക് എത്രയും വേഗം നഷ്ടപരിഹാരം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൻഎച്ച്പിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭൂപേന്ദർ ഗുപ്തയോട് നിർദേശിച്ചു.
