വര്‍ഷങ്ങളായി വാടക വീടുകളില്‍ മാറിമാറി കഴിഞ്ഞ രോഗികളായ വിദ്യാര്‍ഥി സഹോദരങ്ങള്‍ക്ക് സ്‌നേഹവീടൊരുക്കി എസ്.എസ്.കെ അര്‍ബന്‍ സൗത്ത് റിസോഴ്സ് സെന്റര്‍. ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫിദ ഫാത്തിമക്കും മീഞ്ചന്ത ഗവ. ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആയിശ ഹുദക്കുമാണ് സ്വപ്ന ഭവനമൊരുങ്ങിയത്. പ്രത്യേക സമിതിയുണ്ടാക്കി വിദ്യാലയങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍നിന്ന് ധനസമാഹരണം നടത്തിയാണ് റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ വീട് നിര്‍മിച്ചത്.
ഒളവണ്ണ കയറ്റിയില്‍ ഒരുക്കിയ വീടിന്റെ താക്കോല്‍ദാനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ സദാശിവന്‍ നിര്‍വഹിച്ചു. ഭവന നിര്‍മാണ സമിതി ചെയര്‍മാന്‍ ദിവാകരന്‍ അധ്യക്ഷനായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലിന്‍, സ്ഥിരം സമിതി അധ്യക്ഷരായ കവിത, വിജയന്‍, വാര്‍ഡ് അംഗം നമ്പിടി നാരായണന്‍, എസ്.എസ്.കെ കോഴിക്കോട് ഡി.പി.സി നിസ്സാര്‍ ചേലേരി, യു ആര്‍ സി സൗത്ത് ബി.പി.സി വി പ്രവീണ്‍ കുമാര്‍, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക ആശ സിന്ധു, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എം ശ്രീകല, നിര്‍മല, ബാവുക്ക, ബൈജു എന്നിവര്‍ സംസാരിച്ചു.
