തിരുവനന്തപുരം: കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന് ടി ജി മോഹന്‍ദാസിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇന്നലെ രാത്രിയാണ് കേസെടുത്തത്.
പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. ‘ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര് മരിക്കും, കുറേ പേര് മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള് പെറുക്കി ആശുപത്രിയില്‍ എത്തിക്കും’ എന്നാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറയുന്നുണ്ട്.
