തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതന് ആറു മാസത്തെ അവധി അനുവദിച്ച മേയർ വി.വി. രാജേഷിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. കേരള മുൻസിപ്പാലിറ്റി ആക്ടിൽ എവിടെയും കൗൺസിലർക്ക് അവധി നൽകാനോ അതിനായി വോട്ടെടുപ്പ് നടത്താനോ വകുപ്പുകളില്ലെന്നും ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മേയർ അവധി അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ചട്ടവിരുദ്ധ തീരുമാനത്തിനെതിരെ നഗരസഭാ സെക്രട്ടറിക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മുൻപ് എസ്‌കോർട്ട് പരോൾ ലഭിച്ചിരുന്നില്ല. തുടർന്നാണ് വിയ്യൂർ ജയിലിൽ നിന്ന് നൽകിയ അവധി അപേക്ഷ മേയറുടെ കാസ്റ്റിങ് വോട്ടും കോൺഗ്രസ് വിമതൻ സുധീഷ് കുമാറിന്റെ പിന്തുണയും ഉൾപ്പെടെ 51 പേരുടെ വോട്ടോടെ പാസാക്കിയത്. എന്നാൽ അവധി അപേക്ഷയെ പിന്തുണച്ച സുധീഷ് കുമാർ സംഘപരിവാർ സഹായത്തോടെ പ്രവർത്തിക്കുന്നയാളാണെന്നും യുഡിഎഫുമായി ബന്ധമില്ലെന്നും ശബരീനാഥൻ വ്യക്തമാക്കി. ജയിലിൽ കഴിയുന്നയാൾക്ക് അപേക്ഷ നൽകാൻ അവകാശമുണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ സർക്കുലർ ദുർവ്യാഖ്യാനം ചെയ്താണ് ഭരണസമിതി നിയമം വളച്ചൊടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങൾ തിരിഞ്ഞെടുത്ത ഒരു കൗൺസിലറെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തിപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് അവധി അപേക്ഷയെ അനുകൂലിച്ചതെന്നുമാണ് സ്വതന്ത്ര കൗൺസിലർ സുധീഷ് കുമാറിന്റെ പ്രതികരണം. വിഷയത്തിൽ കോടതി നടപടികൾ മുന്നോട്ടുപോകട്ടെയെന്നും കൗൺസിൽ നടപടികൾ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *