ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. കൊല്‍ക്കത്തയില്‍ 209 രൂപയും ഡല്‍ഹിയില്‍ 202 രൂപയും കുറഞ്ഞു. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊല്‍ക്കത്തയില്‍ 2872 രൂപയാണ് പുതിയ വില. വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകള്‍ക്ക് വലിയ ആശ്വാസമാകും.
തുടര്‍ച്ചയായ രണ്ടാംതവണയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പശ്ചിമേഷ്യയിലെ സ്ഥിതികളടക്കം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചിരിക്കുന്നത്.
