ന്യൂ ഡൽഹി: വനിതാ ഗുസ്‌തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ദേശീയ ഗുസ്‌തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹി റോസ് അവന്യൂ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ ബ്രിജ് ഭൂഷണിനെ കുറ്റവിമുക്തനാക്കിയത്. ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നിരവധി തെളിവുകൾ അടക്കം ബ്രിജ് ഭൂഷണിനെതിരെ ഉയർന്നിട്ടും കേന്ദ്രസർക്കാരും ഒളിമ്പിക്‌സ്‌ അസോസിയേഷനും തുടക്കം മുതൽ ബിജെപി നേതാവിനെ സംരക്ഷിച്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

2023-ൽ ബ്രിജ് ഭൂഷനെതിരെ നടന്ന പ്രതിഷേധം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ്‌ ഫോഗട്ട്‌ തുടങ്ങിയവർ ഡൽഹി ജന്തർ മന്തറിൽ മാസങ്ങളോളം സമരം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള മാർച്ചിൽ ഗുസ്തി താരങ്ങളെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒളിമ്പിക് മെഡൽ ജേതാക്കളായ താരങ്ങളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഉൾപ്പെടെ വിമർശനത്തിന് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *