കൊച്ചി: ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് അന്വേഷണത്തിന് മിടുക്കരും യോഗ്യരുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും, ഉദ്യോഗസ്ഥരുടെ പട്ടിക കോടതിക്ക് കൈമാറാനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സീൽഡ് കവറിൽ നേരിട്ട് കൈമാറാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
ഇ-ടെൻഡർ നടപടികൾ റദ്ദാക്കി ലിറ്ററിന് 510 രൂപ എന്ന ഉയർന്ന നിരക്കിലാണ് മിൽമയ്ക്ക് നെയ് വിതരണ കരാർ നൽകിയത്. അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദ്ദേശത്തെ 2025 ഏപ്രിൽ 3-ന് നൽകിയ കത്തിലൂടെ അന്നത്തെ ദേവസ്വം കമ്മീഷണർ എതിർത്തതാണ്. എന്നാൽ, ഇത് അവഗണിച്ച് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മിൽമയ്ക്ക് കരാർ നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ശബരിമല മെയിൻ സ്റ്റോറിലേക്ക് സാധനങ്ങൾ വാങ്ങിയതിലും വൻ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ആവശ്യമായതിന്റെ അഞ്ചിരട്ടി വരെ സാധനങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്.
