കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ ഈ ഡോളര്‍ ഇപ്പോള്‍ തിരികെ നല്‍കാനാകില്ലെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണസംഘം. ഡോളര്‍ കണ്ടെത്തിയതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനകള്‍ വേണ്ടിവരുമെന്നാണ് എസ്‌ഐടിയുടെ വിശദീകരണം.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ആസ്ഥാനം റെയ്ഡ് ചെയ്തപ്പോഴാണ് 6300 ഡോളറോളം അന്വേഷണസംഘം കണ്ടെടുത്തത്. ഡോളര്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും അന്വേഷണസംഘം റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിന്റെ പരിശോധനകള്‍ അടക്കം നടന്നുകൊണ്ടിരിക്കെ ഡോളര്‍ തിരികെ നല്‍കാനാകില്ലെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ട് പറയുന്നത്. ഡോളറിന്റെ സോഴ്‌സും പരിശോധിച്ച് വരികയാണ്. ഇത് എവിടെ നിന്ന് വന്നു എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. റെയ്ഡിന് പിന്നാലെ ആന്റോയേ ചോദ്യം ചെയ്യാന്‍ എസ്‌ഐടി തയ്യാറെടുക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി.
