ഖത്തര്‍ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം സമനിലയില്‍. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിയാതെ വന്നതോടെ ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. മത്സരം സമനിലയില്‍ ആയെങ്കിലും അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി.

തുടക്കം മുതല്‍ തണുത്ത പ്രകടനമാണ് ഇരുടീമുകളും ഗ്രൗണ്ടില്‍ കാഴ്ചവച്ചത്. മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ രണ്ടു ടീമുകളിലെയും സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ പകുതിയില്‍ സാധിച്ചിരുന്നില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മെസ്സി ലോങ് റേഞ്ചില്‍ നിന്നും ബ്രസീല്‍ ഗോള്‍വല ലക്ഷ്യമാക്കി പായിച്ചെങ്കിലും ഗോളി അലിസണ്‍ തടഞ്ഞിട്ടു. ഇതോടെയാണ് മത്സരം ജയിച്ച് യോഗ്യത ഉറപ്പിക്കാമെന്ന അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത്.

ബ്രസീല്‍ ഒക്ടോബറില്‍ ലോകകപ്പ് യോഗ്യത നേടിയിരുന്നു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള ബ്രസീല്‍ ഒന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *