കേരളത്തിലെ നിലവിലെ റെയില്‍പാതയില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്ക് സമാനമായി വന്‍തുക ചെലവഴിച്ചാലും വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ വേഗതയില്‍ കാര്യമായ വര്‍ധനയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ക്കായി സാധ്യത പഠനം നടത്തുന്നതിനിടെയാണ് ശ്രീധരന്റെ വിമര്‍ശനം.

നിലവിലെ പാതയിലെ നിരവധി വളവുകളാണ് ട്രെയിനുകളുടെ വേഗതയ്ക്ക് പ്രധാന തടസ്സം. എത്ര വലിയ നിക്ഷേപം നടത്തിയാലും ഈ പാതയില്‍ മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ വരെ മാത്രമേ പരമാവധി വേഗത കൈവരിക്കാനാകൂ. അതിനാല്‍ തിരുവനന്തപുരംകണ്ണൂര്‍ യാത്രാസമയത്തില്‍ കാര്യമായ കുറവുണ്ടാകില്ലെന്നും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ യാത്രയ്ക്ക് വേണ്ടിവരുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

നിലവിലെ പാതയില്‍ 656 വളവുകളാണുള്ളത്. 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള സാങ്കേതികവിദ്യയും കോച്ചുകളും ലഭ്യമായിരിക്കെ, 160 കിലോമീറ്റര്‍ വേഗതയില്‍ പരിമിതപ്പെടുത്തിയിരിക്കുന്ന പാതകളില്‍ വലിയ തുക നിക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല. മറ്റ് സംസ്ഥാനങ്ങളിലെ റെയില്‍ പദ്ധതികളെ അപേക്ഷിച്ച് കേരളത്തിലെ നിര്‍മാണച്ചെലവ് വളരെ കൂടുതലാണ്. പത്തനംതിട്ട-മാരാരിക്കുളം ഇരട്ടിപ്പിക്കല്‍ പോലുള്ള പ്രവൃത്തികളുടെ ചെലവ് കണക്കിലെടുക്കുമ്പോള്‍, ഈ പദ്ധതി സാമ്പത്തികമായി ലാഭകരമല്ലെന്നും ശ്രീധരന്‍ പറയുന്നു.

കേരളത്തിന്റെ യാത്രാപ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാരം കാണാന്‍ തന്റെ പരിഷ്‌കരിച്ച ഹൈസ്പീഡ് റെയില്‍ പദ്ധതിയായ കെഎച്ച്എസ്ആര്‍ ആണ് കൂടുതല്‍ അനുയോജ്യമെന്നും ശ്രീധരന്‍ വാദിക്കുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ കുറഞ്ഞ ചെലവില്‍ നടപ്പാക്കാന്‍ കഴിയുന്ന ഈ പദ്ധതി, യാത്രാസമയത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കും. 54,000 കോടി രൂപയാണ് ഇതിന്റെ അടിസ്ഥാന നിര്‍മാണച്ചെലവായി കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *