ഗുണ്ടല്‍പേട്ട: മഴയുടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഗുണ്ടല്‍പേട്ടയിലെ ചെണ്ടുമല്ലി, സണ്‍ഫ്‌ലവര്‍ കൃഷികള്‍ക്ക് ഇത്തവണ വലിയ തിരിച്ചടി. മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ജൂണ്‍ജൂലൈ മാസങ്ങളിലാണ് സാധാരണയായി ആരംഭിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ മഴയും കാലാവസ്ഥാ വ്യതിയാനവും ഇത്തവണ വിളവിനെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.
ഗുണ്ടല്‍പേട്ട, ഗോപാല്‍സ്വാമി പേട്ട, മുത്തൂര്‍, ചെക്ക് പോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപകമായി ചെണ്ടുമല്ലി കൃഷി നടക്കുന്നുണ്ട്. ഏകദേശം 16 കിലോമീറ്റര്‍ പ്രദേശത്ത് കൃഷി വ്യാപിച്ചുകിടക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. ഒന്നര മാസത്തോളമായി വിളവെടുപ്പ് ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ച തോതിലുള്ള വിളവ് ലഭിച്ചിട്ടില്ല.
ഓണത്തോടനുബന്ധിച്ച് മികച്ച വിലയും വിളവും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ മഴ പ്രതികൂലമായതോടെ ആ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. ചെണ്ടുമല്ലിക്കൊപ്പം സണ്‍ഫ്‌ലവര്‍ കൃഷിയിലും ഇത്തവണ കാര്യമായ വിളവ് ലഭിച്ചിട്ടില്ല.
കൃഷിക്ക് ആവശ്യമായ വിത്തും മരുന്നും കമ്പനി തന്നെയാണ് നല്‍കുന്നത്. വിളവെടുപ്പിനുള്ള ചാക്കുകളും കമ്പനി നല്‍കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് കിലോയ്ക്ക് ഏകദേശം 20 രൂപയാണ് കമ്പനി നല്‍കുന്നത്. വിളവ് കുറഞ്ഞതോടെ കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ഈ തുക മാത്രമാണ് പല കര്‍ഷകര്‍ക്കും ഇപ്പോഴത്തെ ഏക ആശ്രയം.
മഴയെ തുടര്‍ന്ന് കൃഷിയില്‍ കാര്യമായ നഷ്ടമുണ്ടായെങ്കിലും മരുന്നിനോ മറ്റ് ചിലവുകള്‍ക്കോ കര്‍ഷകരില്‍ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്നും പറയുന്നു. കാലാവസ്ഥ അനുകൂലമായിരുന്നെങ്കില്‍ കൂടുതല്‍ മികച്ച വിളവ് ലഭിക്കുമായിരുന്നുവെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.
ചെണ്ടുമല്ലി കൃഷിക്ക് ശേഷം പച്ചക്കറി കൃഷിയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് പല കര്‍ഷകരും. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയില്‍ പ്രതീക്ഷിച്ച നേട്ടം ലഭിക്കാത്തതിന്റെ നിരാശയിലാണെങ്കിലും അടുത്ത കൃഷിയിലൂടെ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. ധാരാളം മലയാളികളാണ് ഗുണ്ടല്‍പേട്ടയില്‍ ചെണ്ടുമല്ലി, സണ്‍ഫ്‌ലവര്‍ കൃഷി കാണാന്‍ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *