കൊച്ചി: ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കാണാതായ മലയാളി നാവികന്‍ ഷിന്റോണ്‍ ബെന്നിയെ കുറിച്ച് ഇനിയും ഒരു വിവരവുമില്ല. കാണാതായി എന്ന് മാത്രമാണ് കപ്പല്‍ കമ്പനി അറിയിച്ചതെന്നും ഇ- മെയില്‍ വഴി നല്‍കുന്ന മറുപടികളില്‍ വ്യക്തതയില്ലെന്നും കുടുംബം പറഞ്ഞു. അബദ്ധത്തില്‍ കടലില്‍ വീഴാന്‍ സാധ്യതയില്ലെന്നും എവിടെ അന്വേഷിക്കണം എന്ന് പോലും അറിയില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

എന്തുപറ്റി എന്നതില്‍ വ്യക്തതയില്ല. ഇപ്പോഴും അവരുടെ കോളിന് വേണ്ടിയും മെയിലിന് വേണ്ടിയും കാത്തിരിക്കുകയാണ്. ബുധനാഴ്ചയാണ് ഉച്ചയ്ക്കാണ് കാണാനില്ലെന്ന് നമ്മളെ അറിയിക്കുന്നത്. ബുധനാഴ്ച രാവിലെ കാണാതായെന്നാണ് പറയുന്നത്. ചൊവ്വാഴ്ച കുടുംബത്തെ വിളിച്ചിരുന്നു. അഞ്ച് മാസത്തോളമായി അവിടെ ജോലി ചെയ്യുന്നു. എന്തുപറ്റിയെന്ന് അറിയില്ല – കുടുംബാംഗങ്ങള്‍ പറയുന്നു.

എംഒഎല്‍ കമ്പനിയിലെ ടെക് ഓഫീസര്‍ ട്രെയിനി ആയിരുന്നു എറണാകുളം വൈപ്പിന്‍ സ്വദേശിയായ ഷിന്റോണ്‍ ബെന്നി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകവെയാണ് ഷിന്റോണിനെ കാണാതായത്. ദിവസവും കുടുംബം കമ്പനിയിലേക്ക് മെയില്‍ അയക്കാറുണ്ട്. എന്നാല്‍ ലഭിക്കുന്ന മറുപടികളില്‍ വ്യക്തയില്ലെന്നാണ് ആരോപണം. അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് പറയുന്നത്. നിലവില്‍ ലഭ്യമാകുന്ന വിവരമനുസരിച്ച് കപ്പല്‍ സിംഗപ്പൂര്‍ കഴിഞ്ഞിട്ടുണ്ട്. ഈ സമയത്തും തിരച്ചില്‍ കാര്യക്ഷമമല്ലെന്നാണ് കുടുംബം പറയുന്നത്. ഹൈബി ഈഡന്‍ എംപിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *