തിരുവനന്തപുരം: ലഹരിയുടെ വേരറുക്കാന്‍ കേരള പൊലീസ് നടപ്പാക്കുന്ന ‘ഓപറേഷന്‍ തൂഫാന്‍’ ബിവറേജസ് കോർപറേഷന് (ബെവ്കോ) ഗുണമായി. സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങിയ ബെവ്കോയുടെ മദ്യവിൽപന വർധിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്നിനെ ആശ്രയിച്ചിരുന്നവർ അതുപേക്ഷിച്ച് മദ്യത്തിലേക്ക് തിരിഞ്ഞെന്നാണ് മദ്യവിൽപന കണക്കുകൾ വ്യക്തമാക്കുന്നതെന്ന് പൊലീസ് വൃത്തങ്ങളും പറഞ്ഞു.

ആഗസ്റ്റ് 18 മുതല്‍ 20 വരെയുള്ള മൂന്നുദിവസം മാത്രം ബൈവ്‌കോ ഔട്ട് ലെറ്റുകളിലൂടെ 232.99 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളിൽ വിൽപന 209.89 കോടിയായിരുന്നു. ഇത്തവണ 23.1 കോടിയുടെ വര്‍ധന. വില്‍പനയില്‍ പെരിന്തല്‍മണ്ണ ഔട്ട്ലറ്റാണ് മുന്നില്‍-90 ലക്ഷം. തിരൂര്‍-78 ലക്ഷം, കുട്ടിപ്പാലം-64 ലക്ഷം, ചാലക്കുടി-62 ലക്ഷം, എന്നിങ്ങനെയാണ് ഏറ്റവും മുന്നില്‍ വില്‍പന നടന്ന ബെവ്‌കോ ഔട്ട്ലറ്റുകൾ. ആദ്യ രണ്ടുദിനങ്ങളില്‍ 153.18 കോടിയുടെ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളിലെ വില്‍പന 129.43 കോടിയായിരുന്നു. മദ്യവില്‍പനയിലെ വര്‍ധന തൂഫാന്‍റെ വിജയമാണെന്നാണ് സംസ്ഥാന പൊലീസ് വൃത്തങ്ങൾ പറയുന്നത്. മയക്കുമരുന്ന് വസ്തുക്കളുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ട്. ലഹരി വസ്തുക്കള്‍ കിട്ടാതായതോടെ പലരും മദ്യത്തിലേക്ക് തിരിഞ്ഞെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *