കുന്ദമംഗലം : മാവൂർ ഗ്വാളിയോർ റയോൺസിൽ പുതിയ വ്യവസായം ആരംഭിക്കുമെന്നും കുന്ദമംഗലത്ത് ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നും എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ പറഞ്ഞു. മലർവാടി ബാലസംഘം കുന്ദമംഗലം, എൻ.ഐ.ടി ഏരിയകളുടെ ആഭിമുഖ്യത്തിൽ എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയുമായുള്ള സംവാദത്തിൽ കുരുന്നുകളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.എൽ.എ. കളിസ്ഥലം ആവശ്യപ്പെട്ട കുഞ്ഞിനോട് മാവൂരിൽ അന്താരാഷ്ട്ര സ്റ്റേഡിയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്ന് എം.എൽ.എ പറഞ്ഞു.
കുന്ദമംഗലത്ത് ബൈപാസിനും തീരദേശപാതക്കും ശ്രമിക്കുമെന്നും റസാഖ് മാസ്റ്റർ പറഞ്ഞു. ദീർഘകാലത്തെ നാട്ടുകാരുടെ ആവശ്യമായ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലത്തിന്റെ മാസ്റ്റർ പ്ലാൻ, മാവൂർ ഗ്രാസിം ഭൂമി, തെങ്ങിലക്കടവ് കാൻസർ സെന്റർ, തെരുവുനായ ശല്യം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങൾ കുട്ടികൾ ഉയർത്തി. ഒരു നല്ല എം.എൽ.എ എങ്ങനെയായിരിക്കണമെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് എം.എൽ.എ സരസമായി മറുപടി പറഞ്ഞു. എം.എൽ.എ ഓഫിസിൽ നടന്ന പരിപാടിയിൽ മധുരം നൽകിയാണ് കുരുന്നുകളെ എം.എൽ.എ സ്വീകരിച്ചത്.
അയ സഹ്റ, സെല്ല സെഹക്ക്, ആലിയ ഇക്ബാൽ, ഇശൽ ഇഹ്സാൻ, ഹാനി ഇഹ്സാൻ, ആയിഷ ഇശൽ, നിയ, ലീം, മെഹർ, ജെസ, ഇസ്സ മെഹക്, മലീഹ, റസിൽ അബ്ദുള്ള, ജെസ്ലാൻ, ഐദിൻ, ഇഹാൻ, നൗറിൻ, ഹയാൻ തുടങ്ങിയ കുരുന്നുകൾ എം.എൽ.എയോട് ചോദ്യങ്ങൾ ചോദിച്ചു. നിയോജക മണ്ഡലത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗത്തെ മുഴുവൻ മനുഷ്യർക്കുമുള്ള വികസനമാണ് തന്റെ ലക്ഷ്യമെന്നും അതിനായി കുട്ടികളുടെ ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എക്ക് കുട്ടികൾ ഉപഹാരം നൽകി.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.എം. ശരീഫുദ്ധീൻ, സെക്രട്ടറി എം.പി. ഫാസിൽ, അബ്ദുല്ലത്തീഫ്, ഷിംന, മലർവാടി കോഡിനേറ്റർമാരായ കെ.കെ. അബ്ദുൽ ഹമീദ്, ബുഷ്റ അലി എന്നിവർ നേതൃത്വം നൽകി.
