കോഴിക്കോട്: അധ്യാപക ദിനത്തിൽ കേരളത്തിന്റെ ഭരണനേതൃത്വം വിദ്യാർത്ഥികളായി മാറിയ അപൂർവ കാഴ്ചയ്ക്ക് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.കെ) വേദിയായി. ‘റീ-ഇമാജിനിംഗ് കേരള’ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങളാണ് ഐ.ഐ.എം.കെ ക്യാമ്പസിൽ നടക്കുന്ന ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വിദഗ്ധരും അധ്യാപകരുമാണ് മന്ത്രിമാർക്ക് ക്ലാസുകൾ നയിക്കുന്നത്. ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബേഷ് ചാറ്റർജി ഉൾപ്പെടെയുള്ള വിദഗ്ധർ ഭരണനിർവഹണം, നയരൂപീകരണം, ആരോഗ്യരംഗം, ഉന്നത വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.
വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ അറിവും ലോകപരിചയവും പങ്കുവെച്ചതിലൂടെ സുപ്രധാന തീരുമാനങ്ങൾ കൂടുതൽ ആഴത്തിൽ ചിന്തിച്ചും പഠിച്ചും എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതായി മന്ത്രിമാർ പറഞ്ഞു. ഭരണപരമായ നയങ്ങൾ രൂപീകരിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നതിനുള്ള പുതിയ അറിവുകളും കാഴ്ചപ്പാടുകളും പരിശീലനത്തിലൂടെ ലഭിച്ചതായും അവർ വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ പുതിയ വെല്ലുവിളികൾ, ഉന്നത വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ ദുരന്തനിവാരണ മാതൃക രൂപപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം ഏറെ പ്രയോജനകരമായതായി മന്ത്രിമാർ അഭിപ്രായപ്പെട്ടു. കേരളത്തിന് കൂടുതൽ ഗുണകരവും ഫലപ്രദവുമായ ഭരണം കാഴ്ചവെക്കാനുള്ള ഊർജവും ആവേശവും ഈ പഠനപരിപാടി പകർന്നുനൽകുന്നതായും അവർ പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.എം.കെ-യിൽ നിന്നുള്ള ഓരോ പഠനവും കേരളത്തിന്റെ വികസനത്തിനും ഭരണപരിഷ്കാരങ്ങൾക്കും പ്രയോജനകരമായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രിമാർ പങ്കുവെച്ചു.
അധ്യാപക ദിനത്തിൽ എല്ലാ അധ്യാപകർക്കും പ്രത്യേക ആശംസകളും അഭിനന്ദനങ്ങളും മന്ത്രിമാർ നേർന്നു. തങ്ങളുടെ പഠനകാലത്ത് ക്ലാസെടുത്ത സ്കൂൾ, കോളേജ് അധ്യാപകരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നതായും അവർ പറഞ്ഞു.
അറിവും അനുഭവവും പങ്കുവെക്കുന്ന അധ്യാപകരുടെ സേവനം സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ നിർണായകമാണെന്നും അധ്യാപക ദിനത്തിൽ മന്ത്രിമാർ ചൂണ്ടിക്കാട്ടി.
