ഇന്ന് സെപ്തംബര്‍ അഞ്ച്, അധ്യാപക ദിനം. സമൂഹത്തിന് അധ്യാപകര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെ അംഗീകരിക്കുന്നതിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. അവര്‍ രാജ്യത്തിന്റെ വെളിച്ചമായി മാറുകയും യുവതലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്യുന്നു. ഈ ദിനം അധ്യാപകരുടെ മഹത്വം തിരിച്ചറിയുക മാത്രമല്ല വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തന ശക്തിക്ക് അടിവരയിടുകയും ചെയ്യുന്നു. അധ്യാപകര്‍ സമൂഹത്തിലെ പ്രധാന സ്തംഭങ്ങളാണ്. അവര്‍ നാളെയുടെ ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നു.
വിദ്യാര്‍ഥികള്‍ അവരുടെ ജീവിതത്തില്‍ അധ്യാപകരുണ്ടാക്കിയ പരിവര്‍ത്തനത്തിനും ഉയര്‍ച്ചക്കും കൃതജ്ഞത പ്രകടിപ്പിക്കുന്ന ദിവസവും കൂടിയാണിത്. കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയാനും ചിന്താശേഷി വികസിപ്പിച്ചെടുക്കാനും അതുവഴി വ്യക്തിത്വ വികസനം സാധ്യമാക്കാനും അധ്യാപകന്റെ ഇടപെടല്‍ ഉപകരിക്കുന്നു.
ആധുനിക വിദ്യാഭ്യാസ പശ്ചാത്തലത്തിലും വിദ്യാര്‍ഥികളുടെ വിജയത്തിലും ഉയര്‍ച്ചയിലും അധ്യാപകരുടെ പങ്ക് വിശാലവും ശ്രദ്ധേയവുമാണ്. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. രാധാകൃഷ്ണന്‍ 1954ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം പുരസ്‌കാരവും സാഹിത്യ രംഗത്ത് സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. വൈജ്ഞാനിക മേഖലകളില്‍ പതിപ്പിച്ച വ്യക്തിമുദ്ര മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്.
