ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് ആരംഭിക്കാനിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. ബെംഗളൂരു യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേർന്നു. സാധാരണ ട്രെയിനുകൾക്ക് 9 മുതൽ 10 മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുന്ന റൂട്ടിലാണ് വന്ദേ ഭാരത് വേഗത്തിൽ ദൂരം പിന്നിട്ടത്.
രാവിലെ 6:50-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1:55-നാണ് മംഗളൂരുവിൽ എത്തിയത്. മടക്കയാത്രയിൽ ഉച്ചയ്ക്ക് 2:25-ന് പുറപ്പെട്ട് 6 മണിക്കൂറും 49 മിനിറ്റും കൊണ്ട് രാത്രി 9:14-ഓടെ യശ്വന്ത്പൂരിൽ തിരികെയെത്തി. ഹാസൻ, സകലേഷ്പൂർ, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നത്. 16 കോച്ചുകളുള്ള ട്രെയിനാണ് ട്രയൽ റണ്ണിനായി ഉപയോഗിച്ചത്.
അഞ്ചിന് നടന്ന ആദ്യ ട്രയൽ റണ്ണിൽ സകലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ചുരം മേഖലയിൽ ഓവർഹെഡ് ഇലക്ട്രിക് ലൈനുകളിലെ സാങ്കേതിക തകരാർ കാരണം യാത്ര വൈകിയിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ രണ്ടാമത്തെ ട്രയൽ റൺ നടത്തിയത്.
