തൃശൂർ: കിള്ളിമംഗലം സ്വദേശിയെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 52-കാരൻ ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസം ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് ബാബുവിനെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാബു സഞ്ചരിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിനുപിന്നാലെ പൊലീസും നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും ചേര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പേരാമംഗലം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
