പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച അടിയന്തര നിർദേശം നൽകിയത്.
എക്സ്റേ മാറിനൽകിയതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ടും സ്ഥിരീകരിച്ചു. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് റേഡിയോളജി, പൾമണോളജി വകുപ്പുകളിലെ ഡോക്ടർമാരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് അറിയിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ 16-കാരിക്കാണ് ആശുപത്രി അധികൃതർ ചികിത്സയിലുണ്ടായിരുന്ന 88-കാരിയുടെ എക്സ്റേ മാറിനൽകിയത്. തുടർന്ന് ഈ എക്സ്റേയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് നട്ടെല്ലിനുള്ള വളവിന് ചികിത്സ നൽകുകയും നാലുദിവസത്തോളം മരുന്ന് കഴിപ്പിക്കുകയും ചെയ്യുകയായിരുന്നു.
റേഡിയോളജി വകുപ്പിൽനിന്ന് എക്സ്റേ എടുത്ത ശേഷം പെൺകുട്ടി വീണ്ടും ഡോക്ടറെ കണ്ടപ്പോൾ, എക്സ്റേ പരിശോധിച്ച ഡോക്ടർ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് കുറിച്ചു നൽകുകയായിരുന്നു. പിന്നീട് മൂന്നു ദിവസത്തിന് ശേഷം ശ്വാസകോശ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ വിവരം പുറത്തറിയുന്നത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോൾ രോഗിയുടെ പ്രായവും എക്സ്റേയിലെ പൊരുത്തക്കേടുകളും വ്യക്തമാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.
