കോഴിക്കോട്: സാമൂഹിക സന്നദ്ധ സംഘടനയായ തണൽ ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ പുതിയ ഗവേഷണ വിഭാഗമായ ‘തണൽ റിസർച്ച് ഇനീഷ്യേറ്റീവ്’ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററുമായി ഗവേഷണ പങ്കാളിത്തത്തിനുള്ള ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു. മലാപ്പറമ്പിലെ തണൽ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങ് കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു.
തണലിന്റെ ബൃഹത്തായ പദ്ധതികൾക്കും പൊതുസമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്കും തുടർന്നും പിന്തുണ നൽകുമെന്ന് കെ. ജയന്ത് പറഞ്ഞു.
സാധാരണക്കാരുടെ അനുഭവങ്ങളിൽ നിന്നും പ്രായോഗിക പ്രവർത്തനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസനീയമായ തെളിവുകൾ രൂപപ്പെടുത്തുകയും അവ സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുകയുമാണ് തണൽ റിസർച്ച് ഇനീഷ്യേറ്റീവിലൂടെ ലക്ഷ്യമിടുന്നത്.
തണൽ ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഇദ്രീസ് വി. അധ്യക്ഷത വഹിച്ചു. തണലിന്റെ ജനകീയ അനുഭവങ്ങളും ഇഖ്റയുടെ ക്ലിനിക്കൽ മികവും സംയോജിപ്പിച്ച് മനുഷ്യർക്ക് ഗുണകരമായ പുതിയ ഗവേഷണ സാധ്യതകളിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷണം പ്രബന്ധങ്ങളിൽ മാത്രം ഒതുങ്ങാതെ പ്രാദേശിക ആരോഗ്യ പ്രശ്നങ്ങൾക്കും കമ്മ്യൂണിറ്റി കെയറിനും പ്രായോഗിക പരിഹാരമാകുന്ന രീതിയിൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇഖ്റ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി. അൻവർ ചൂണ്ടിക്കാട്ടി.
തണൽ റിസർച്ച് ഹെഡ് ഡോ. ഷക്കീല വി., തണൽ സീനിയർ കൺസൾട്ടന്റ് ഡോ. സേതുമാധവൻ വാര്യർ, ഇഖ്റ കെയർ ചെയർമാൻ ഡോ. ഫിറോസ് അസീസ്, ഡോ. ഇജാസ് പിള്ളൈ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അമൃത സ്കൂൾ ഓഫ് മെഡിസിൻ പബ്ലിക് ഹെൽത്ത് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെബി ജോസ് ഒലിക്കൽ നയിക്കുന്ന രണ്ടുദിവസത്തെ ‘റിസർച്ച് മെത്തേഡ്സ് ആൻഡ് എസ്.പി.എസ്.എസ്.’ വർക്ക്ഷോപ്പും തണൽ ഓഫീസിൽ സംഘടിപ്പിച്ചു.
