പതിനെട്ടാമത് കേരള ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലേക്ക് (IDSFFK) തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത്. വിവിധ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമായതുകൊണ്ടാണ് ചിത്രങ്ങൾക്ക് അനുമതി വൈകിയതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടുള്ളത്.

ആകെ 347 സിനിമകളുടെ പ്രദർശനാനുമതിക്കായി അപേക്ഷകൾ ലഭിച്ചതിൽ 291 എണ്ണത്തിന് അനുമതി നൽകിയതായി കേന്ദ്രം അറിയിച്ചു. ഇതിൽ 20 ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലും, നാലെണ്ണം ആഭ്യന്തര മന്ത്രാലയത്തിന്റെയും, ഒരെണ്ണം പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതിക്കായി കാത്തിരിക്കുകയാണ്. കൂടാതെ ഒരു സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതിയും ആറ് സിനിമകളുടെ സംഗ്രഹവും സ്ക്രീനറും കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങളും, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ ഒൻപതു ചിത്രങ്ങളും, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്നു ചിത്രങ്ങളും, നേപ്പാൾ പാക്കേജിലെ ഒരു ചിത്രവും ഉൾപ്പെടെ ആകെ 31 ചിത്രങ്ങൾക്കാണ് ഇതുവരെ പ്രദർശനാനുമതി ലഭിക്കാത്തത്. മലയാള ചിത്രമായ ‘ഗ്ലോബ്’ അടക്കമുള്ള പ്രധാന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. 

Leave a Reply

Your email address will not be published. Required fields are marked *