കൊല്ലം: പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാൽപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ. പരവൂർ കൂനയിൽ ആയിരവില്ലിക്കാവിന് സമീപം മേച്ചിലിഴകം വീട്ടിൽ രാജേന്ദ്രബാബുവാണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
സെപ്റ്റംബർ 21- ന് വൈകിട്ട് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പരിചയമുള്ളതിനാൽ പ്രതി ഇരുചക്രവാഹനത്തിൽ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വെള്ളം ആവശ്യപ്പെടുകയും, വെള്ളമെടുക്കാൻ അകത്തേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്നെത്തി അതിക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പരവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
