തിരുവനന്തപുരം: വിമാനയാത്ര സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐ നേതാവ് കെ രാജൻ. ഭരണാധികാരികൾക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. വിമാനയാത്ര സംബന്ധിച്ച ദുരൂഹത ഓരോ നിമിഷവും വർധിക്കുന്നു. മുഖ്യമന്ത്രിയുടെ യാത്രകൾ സുതാര്യമായിരിക്കണമെന്നും കെ രാജൻ പറഞ്ഞു. ദുരന്തം ഉണ്ടാകുമ്പോൾ മുഖ്യമന്ത്രിക്ക് എവിടെയും പോകുന്നതിന് തടസ്സമില്ലെന്നും എന്നാൽ മുഖ്യമന്ത്രിയുടെ യാത്രകൾ സുതാര്യമായിരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മാധ്യമങ്ങളോട് നടത്തിയ പ്രതികരണം യഥാർത്ഥത്തിൽ ജനങ്ങൾക്ക് നേരെ തന്നെയുള്ളതാണെന്ന് കെ രാജൻ പറഞ്ഞു. സ്പോൺസർ ആരാണെന്ന് പറയാൻ സൗകര്യമില്ലെന്ന ഭാഷ വെല്ലുവിളിയുടേതാണ്. അത് ജനങ്ങളോട് തുറന്നു പറയുന്നതിന് എന്താണ് മടിയെന്ന് അദേഹം ചോദിച്ചു. മാധ്യമങ്ങൾ ഒരുമിച്ച് ചോദ്യം ചോദിക്കുന്നത് ഇതാദ്യമല്ലെന്നും പക്ഷേ ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്നും അദേഹം പറഞ്ഞു.
വിജയൻ മാഷ് പറഞ്ഞപോലെ ചോദ്യം ചോദിക്കുന്ന കുട്ടിയെ മാഷിന് പുറത്താക്കാൻ കഴിയും, പക്ഷേ ചോദ്യം ക്ലാസ്സിൽ അവശേഷിക്കുമെന്ന് കെ രാജൻ ചൂണ്ടിക്കാട്ടി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ യാത്ര സുതാര്യമായിരുന്നു. മുഖ്യമന്ത്രിയുടെ മുൻപത്തെ പ്രതികരണങ്ങൾ എടുത്തു നോക്കിയാൽ സതീശന് ഇപ്പോൾ വാർത്ത സമ്മേളനം പോലും നടത്താൻ കഴിയില്ലെന്ന് കെ രാജൻ പറഞ്ഞു.
