കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടപടികളിൽ ഗുരുതര വീഴ്ച. ഗോവയിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 97 അർഹരായ വോട്ടർമാരെ തിരിച്ചെടുക്കാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഒഴിവാക്കപ്പെട്ട 97 പേരും മതിയായ രേഖകൾ സമർപ്പിച്ച് അർഹത തെളിയിച്ചതാണെന്നും ഇവരെ സോഫ്റ്റ്‌വെയർ വഴി വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഗോവ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് ഗോയൽ കേന്ദ്ര കമ്മീഷന് എട്ടുതവണ കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല.
ഫെബ്രുവരി 21-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ് വരെയും ഇവരുടെ വിവരങ്ങൾ കൈമാറിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ നീക്കി വോട്ടർമാരെ തിരിച്ചെടുക്കാൻ കേന്ദ്ര കമ്മീഷൻ തയ്യാറായില്ലെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സുപ്രീം കോടതി നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് ഇവർ അർഹരാണെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ കണ്ടെത്തിയത്.
പ്രത്യേക സംക്ഷിപ്ത പുതുക്കൽ പ്രക്രിയയുടെ മറവിൽ വോട്ട് തിരിമറി നടത്തുന്നുവെന്ന് ആരോപിച്ച് ചീഫ് ഇലക്ടറൽ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
