ഡല്‍ഹി: കാന്‍സര്‍ മരുന്നുവിലയിലെ കൊള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ എങ്ങനെയാണ് മരുന്നിന് പത്തിരട്ടിവില നിശ്ചയിക്കപ്പെടുന്നത് എന്ന് വിമര്‍ശിച്ച കോടതി, ലാഭം എങ്ങോട്ടേക്കാണ് പോകുന്നതെന്നും ചോദിച്ചു. കോര്‍പറേറ്റ് ആശുപത്രികള്‍ വ്യവസായങ്ങളായിരിക്കുന്നുവെന്നും അവരുടെത് സേവനമല്ലെന്നും കോടതി നിരീക്ഷിച്ചു.
കാന്‍സര്‍ മരുന്ന് വിലയില്‍ കോര്‍പ്പറേറ്റ് ആശുപത്രികളില്‍ നടക്കുന്ന കൊള്ളലാഭത്തെ കൂട്ടക്കുരുതി എന്ന ഒറ്റവാക്ക് കൊണ്ടാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. 2700 രൂപയ്ക്ക് ആശുപത്രികള്‍ക്ക് ലഭിക്കുന്ന കാന്‍സര്‍ മരുന്ന് 27,000 രൂപയ്ക്ക് രോഗികള്‍ക്ക് നല്‍കുന്നതിനെ ഇങ്ങനെ മാത്രമേ വിളിക്കാന്‍ കഴിയൂ എന്നും കോര്‍പ്പറേറ്റ് ആശുപത്രികള്‍ മൃതശരീരങ്ങള്‍ പിടിച്ചുവച്ചു പോലും വില പേശുകയാണെന്നും വിക്രം നാഥ്, സഞ്ജീവ് മേത്ത എന്നിവരുടെ ബെഞ്ച് വിമര്‍ശിച്ചു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട കോടതി, പരമാവധി ലാഭം, 16 ശതമാനം എന്ന തരത്തില്‍ നിശ്ചയിച്ച് കൂടേയെന്നും ചോദിച്ചു. കോര്‍പറേറ്റ് ആശുപത്രികള്‍ വ്യവസായങ്ങളായിരിക്കുന്നുവെന്നും അവരുടെത് സേവനമല്ലെന്നും കോടതി നിരീക്ഷിച്ചു. ആശുപത്രിയുടെ സ്വന്തം ഫാര്‍മസിയില്‍ നിന്നും മാത്രമേ മരുന്നു വാങ്ങാവൂ എന്ന നിര്‍ബന്ധം വലിയ സ്വകാര്യ ആശുപത്രികള്‍ക്ക് ഉണ്ടോ എന്നത് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മരുന്നുവിലയിലെ നിയന്ത്രണമില്ലായ്മയും പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് കിഷന്‍ ചന്ദ് ജെയിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി ഒക്ടോബര്‍ 12ലേക്ക് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
