തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിക്ക് മുന്‍ കാലങ്ങളിലേത് പോലെ നിറയെ എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ വേണ്ട എന്നത് വി ഡി സതീശന്‍ അധികാരമേറ്റ ശേഷം എടുത്ത ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു. അത് അദ്ദേഹം നടപ്പാക്കി വരികയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ യുവമോര്‍ച്ച പ്രതിഷേധം ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങള്‍ കണ്ടതോടെ മുഖ്യമന്ത്രി തന്റെ കടുത്ത അനിഷ്ടം ഡിസിപിയെ അറിയിച്ചു. അധികമായി വന്ന വാഹനങ്ങള്‍ പിന്നീട് മടക്കി അയയ്ക്കുകയായിരുന്നു.

ഇന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ അകമ്പടി വാഹനങ്ങളാണ് വിന്യസിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തില്‍ മുഖ്യമന്ത്രി പ്രവേശിച്ചാല്‍ കരിങ്കൊടി പ്രതിഷേധം അടക്കം നടത്തുമെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ചാക്കയില്‍ വച്ച് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് രാവിലെയും കാര്യമായ പ്രതിഷേധമുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *