ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരങ്ങളാൽ രാജ്യതലസ്ഥാനമായ ഡൽഹി കലുഷിതമായി. നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വൻ സംഘർഷമാണ് ഉണ്ടായത്.
കേരളത്തിൽ നിന്നുൾപ്പെടെ മൂവായിരത്തിലധികം പ്രവർത്തകരാണ് ഈ പ്രക്ഷോഭത്തിൽ പങ്കെടുന്നത്. എ.എ. റഹീം, ഹിമാഘ്‌നരാജ് ഭട്ടാചാര്യ, കേരള സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം മുന്നേറുന്നത്. പൊലീസ് എത്രയൊക്കെ തടഞ്ഞാലും ജന്തർ മന്തറിലേക്ക് തന്നെ നീങ്ങുമെന്നാണ് നേതാക്കളുടെ നിലപാട്.
പ്രതിഷേധവുമായി എത്തിയ ഐസ പ്രവർത്തകരെയും ആം ആദ്മി പാർട്ടി പ്രവർത്തകരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തർ മന്തറിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ് ഉള്ളതെങ്കിലും, പ്രവർത്തകർ വീണ്ടും തടിച്ചുകൂടി ശക്തമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടരുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ ഉറച്ച തീരുമാനം. ഐസ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടികളുണ്ടായതും സ്ഥലത്ത് കൂടുതൽ സംഘർഷത്തിന് വഴിവെച്ചിട്ടുണ്ട്.
