സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യാ ചെയ്ത മൊഫിയ പര്‍വീണിന്റെ കേസില്‍ ഭര്‍ത്താവും ഭർതൃമാതാവും ഭർതൃപിതാവും അടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

ഇന്ന് രാവിലെ 10.30-ഓടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കുകയായിരുന്നു.

മോഫിയ മരിച്ച വിവരം പുറത്ത് വന്ന ഉടനെ തന്നെ ഇവർ കോതമംഗലത്തെ വീടും പൂട്ടി ഒളിവിൽ പോയിരുന്നു. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്നലെ പുലർച്ചയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പ്രതികൾ കോതമംഗലത്ത് ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതിനിടെ, പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രതികള്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതിയെ മര്‍ദിച്ചതായും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *