തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാത്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അതുവരെ പരസ്യപ്രതികരണത്തിന് ഇല്ലെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും മാധ്യമങ്ങളോട് തുറന്നു പറഞ്ഞ കാര്യത്തിലും ഉറച്ചുനിൽക്കുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അടൂർ പ്രകാശ് ഡൽഹിയിൽ നിന്ന് അദേഹം ഇന്ന് കേരളത്തിൽ തിരിച്ചെത്തിയേക്കും.
മുഖ്യമന്ത്രി വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിൽ തുടരുകയാണ്. ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ കൂടിയാലോചന ഇല്ലാതെ തീരമാനമെടുത്തെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് എതിരെ യുഡിഎഫ് കൺവീനർ ഉന്നയിക്കുന്ന പ്രധാന പരാതി. കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് അതൃപ്തി പരസ്യമാക്കിയശേഷമാണ് അടൂർ പ്രകാശ് ഡൽഹിയിൽ എത്തിയത്.
കഴിഞ്ഞദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് പരാതികൾ ഉന്നയിച്ചിരുന്നു. കേന്ദ്ര വൈദ്യുതി മന്ത്രിയെ കാണാൻ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും, ജിഎസ്ടി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അടൂർ പ്രകാശിന്റെ പരാതിയും ചർച്ചയായി.
പാർട്ടിയിൽ പറയേണ്ട കാര്യം അടൂർ പ്രകാശ് പുറത്ത് പറഞ്ഞത് കടുത്ത അച്ചടക്ക ലംഘമെന്നാണ് വി ഡി സതീശൻ പക്ഷത്തിന്റെ വാദം. അടൂർ പ്രകാശിന് എതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാരിന്റെ നല്ല തീരുമാനങ്ങൾ ഇയാളെ അറിയാതിരുന്നത് നന്നായെന്ന് അടൂർ പ്രകാശിന്റെ പേര് പരാമർശിക്കാതെ, കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പരിഹസിച്ചു.
