ഡൽഹിയിലെ പൊലീസ് നടപടിയിൽ ഇടപെടലുമായി സുപ്രീംകോടതി. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജീവന് രക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പൊലീസ് ഓഫീസറായാലും ഒരു പോലെയാണ്. എല്ലാ ഹർജികളും ഫയലിൽ സ്വീകരിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ഡൽഹി പൊലീസും ഡിഎംആർസിയും റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു.

കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യം അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഡൽഹി പൊലീസ് കമ്മിഷണറും റിപ്പോർട്ട് നൽകണം. നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ എന്ന് വിശദീകരിക്കണം. ഇൻറർനെറ്റ് നിരോധനം പാടില്ലെന്നും മറ്റന്നാൾ മറുപടി നൽകണമെന്നും കോടതി നിർദേശം നൽ‌കി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ഡൽഹിയിൽ സ്വതന്ത്ര സഞ്ചാരം പൂർണമായി പുനഃസ്ഥാപിക്കണമെന്നും ഡൽഹിയിൽ ഉടനീളം ഉള്ള ബാരിക്കേടുകൾ പിൻവലിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് വേണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. സോളിസിറ്റർ ജനറലിനെ കൂടി കേട്ട ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

അതിനിടെ നാളെ ഉച്ചതിരിഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് സൃഷ്ടിച്ച സംഘർഷസാഹചര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ജനാധിപത്യസംരക്ഷണത്തിനും ഭരണഘടനാ അവകാശങ്ങൾക്കുമായുള്ള പോരാട്ടം തുടരുമെന്നും മല്ലികാർജുൻ ഖർഗെ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *