ലുധിയാന: പഞ്ചാബ് വോട്ടര്‍ പട്ടികയില്‍ ‘ഇടംപിടിച്ച്’ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗും. സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതരും രംഗത്തെത്തി. വോട്ടര്‍ പട്ടികയിലുണ്ടായ പോരായ്മ മുമ്പ് തന്നെ കണ്ടെത്തിയിരുന്നെന്നും അത് തിരുത്തിയിട്ടുണ്ടെന്നുമാണ് അധികൃരുടെ പ്രതികരണം. ലുധിയാന ഈസ്റ്റ് നിയമസഭ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലാണ് ഭഗത് സിംഗിന്റെ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. 38ാം ഭാഗത്ത് സീരിയല്‍ നമ്പര്‍ 422ന്റെ ചിത്രമായാണ് ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം ഉണ്ടായിരുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികളും സിജെപിയുമടക്കം പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഈ പിഴവ് പുറത്ത് വന്നിരിക്കുന്നത്.

സംഭവത്തില്‍ വിമര്‍ശനം ശക്തമായതോടെ ലുധിയാനയിലെ ജില്ലാ ഇലക്ട്റല്‍ ഓഫീസര്‍ തന്നെ നേരിട്ട് വിശദീകരണം നല്‍കിയിരുന്നു. തെറ്റായ ചിത്രം മുമ്പുണ്ടായിരുന്ന പട്ടികയിലാണ് ഇടം പിടിച്ചിരുന്നതെന്നും ഇക്കഴിഞ്ഞ ഓഗസ്റ്റ് 13ന് പുറത്തുവിട്ട കരട് വോട്ടര്‍പട്ടികയില്‍ അത് ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എസ്‌ഐആറിലൂടെ പിഴവ് തിരുത്തിയെന്നും അധികൃതര്‍ വിശദീകരിച്ചിരുന്നു. കൃത്യമായ ചിത്രങ്ങള്‍ അടങ്ങിയ അന്തിമ വോട്ടര്‍ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

പഞ്ചാബ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആനന്ദിത മിത്രയും ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭഗത് സിംഗിന്റെ ചിത്രം അന്തിമ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും കരട് പട്ടികയില്‍ ഉണ്ടായിരുന്ന പിഴവ് എസ്‌ഐആര്‍ പ്രക്രിയയിലൂടെ തിരുത്തിയിട്ടുണ്ടെന്നും മിത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. 117 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് മിത്ര പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *