തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃ സംഘടിപ്പിച്ചത് ഹൈക്കോടതി നിർദേശപ്രകാരമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത് എന്നാണ് എ പി സമസ്തയുടെ വിമർശനത്തിന് വഖഫ് മന്ത്രി എൻ ഷംസുദ്ദീന്റെ മറുപടി.
മുൻ സർക്കാരിന്റെ നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് കോടതിയിൽ മൂന്ന് കേസുകളുമുണ്ടായി. അതിലാണ് സർക്കാർ പുനഃസംഘടന നടത്തണമെന്ന നിർദേശം വന്നത്.
സർക്കാരും മുന്നണിയും ആലോചിച്ചെടുത്ത തീരുമാനമാണ്. വഖഫിൽ പുതിയ വിവാദങ്ങൾക്ക് സാഹചര്യം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പുനഃസംഘടനയ്ക്കെതിരെ സമസ്ത എപി വിഭാഗം രംഗത്ത് എത്തി. സമസ്തയുടെ ഇരു വിഭാഗങ്ങൾക്കും പ്രതിനിധികളില്ലാത്ത സർക്കാർ നിലപാട് അന്യായമെന്ന് AP വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കിൽ വിമർശിച്ചു. പ്രതിഷേധം സർക്കാരിനെ അറിയിക്കാനാണ് തീരുമാനം. എം സി മായിൻ ഹാജി നല്ല ലീഗുകാരനും സമസ്തക്കാരാനുമെന്ന് EK സമസ്ത നേതാവും മുൻ വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം .
രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നിലനിർത്തിയാണ് പുതിയ ബോർഡ് നിലവിൽ വന്നിട്ടുള്ളത്. എം സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ, ഡോ. അബ്ദുൽ മജീദ് സ്വലാഹി, സിറാജ് ഡി കാപസി, എം പി മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, സജിന ഫിറോസ്, ജസീം സബാഹ്, മദീന ബീഗം എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.
