ബെംഗളൂരു: യുവാക്കള് ചോദ്യങ്ങള് ചോദിക്കുന്നത് ഊര്ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവതലമുറ കേവലം രാജ്യത്തിന്റെ ഭാവി മാത്രമല്ല, വര്ത്തമാനകാലത്തിലെ സജീവ പങ്കാളികള് കൂടിയാണെന്നും സൂര്യകാന്ത് പറഞ്ഞു. യുവാക്കളുടെ ആശങ്കകളും ആഗ്രഹങ്ങളും കേള്ക്കാന് നീതിപീഠം സന്നദ്ധമാണ്. നീതിന്യായ വ്യവസ്ഥ പ്രവര്ത്തിക്കുന്നത് സ്ഥാപിതമായ ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ്. എല്ലാ വിഷയങ്ങളും പൊതുജന അഭിപ്രായത്തിന്റെ കോടതിയില് പരിഹരിക്കാന് കഴിയില്ല. വിയോജിപ്പുകള് ഒരിക്കലും ഒരു ഭീഷണിയായി കാണരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യത്ത് യുവജന പ്രതിഷേധങ്ങള് തുടരുന്നതിന് ഇടയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ബെംഗളൂരുവിലെ നാഷണല് ലോ സ്കൂള് ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ (NLSIU) 34-ാം ബിരുദദാന ചടങ്ങിലാണ് അദ്ദേഹം പ്രതികരിച്ചത്. പൊതു പ്രസ്താവനകളിലൂടെയും സോഷ്യല് മീഡിയയിലൂടെയും വിയോജിപ്പുകള് കൂടുതലായി പ്രകടിപ്പിക്കുന്ന ഒരു തലമുറയുമായി ജുഡീഷ്യറി എങ്ങനെ ഇടപഴകണമെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.
ജുഡീഷ്യറി പ്രവര്ത്തിക്കുന്നത് ഭരണഘടനാപരമായ പ്രക്രിയകളിലൂടെയാണ്. എല്ലാ വിഷയങ്ങളും പൊതുജനാഭിപ്രായ കോടതിയില് പരിഹരിക്കാന് കഴിയില്ല. ഭരണഘടന, നിയമം, അവരുടെ മുമ്പാകെയുള്ള തെളിവുകള് എന്നിവയുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര് അന്തിമമായി കേസുകള് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പ്രത്യേകമായി പരാമര്ശിച്ചു.
NLSIUന്റെ ബിരുദദാന നേരത്തെ റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസും ബാര് കൗണ്സില് ഓഫ് ഇന്ത്യ (ബിസിഐ) ചെയര്മാന് മനന് കുമാര് മിശ്രയും ചടങ്ങില് പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്ത്ഥികളുടെയും പൂര്വ്വ വിദ്യാര്ത്ഥികളുടെയും എതിര്പ്പിനെത്തുടര്ന്ന് ചടങ്ങ് നേരത്തെ റദ്ദാക്കിയത്. അനിശ്ചിതത്വത്തിന് ശേഷമാണ് ബിരുദദാന ചടങ്ങ് ഇന്നലെ നടന്നത്.
