കൊൽക്കത്ത: പശ്ചിമബംഗാളിൽ ദുർഗാ പൂജ ആഘോഷത്തിനിടെയുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച സംഭവത്തിൽ പൂജ സമിതി സംഘാടകർ ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോർ ബഗാൻ സർവജനീൻ ദുർഗോത്സവ് സമിതി സെക്രട്ടറി രാജ്കുമാർ സേവ്ദ (48), വൈസ് പ്രസിഡന്റ് ശാന്തനു ദുബെ (55) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരസ്യങ്ങൾ പതിക്കുന്നതിനായി മുള ഉപയോഗിച്ചുള്ള നിർമാണങ്ങൾ നടത്തിയ ബിപ്ലവ് മുഖർജി, ജനക്കൂട്ട നിയന്ത്രണത്തിനും വി.ഐ.പി പാസ് പരിശോധനയ്ക്കും ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, സുരക്ഷാ ചുമതലക്കാരായ സുമൻ ചക്രവർത്തി, രാജേഷ് പാൽ എന്നിവരാണ് അറസ്റ്റിലായ മറ്റ് പെർ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായവും സർക്കാർ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരണസംഖ്യ 19 ആണ്. നിലവിൽ 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെ ആശുപത്രിയിലെത്തി പരിക്കേറ്റവരെ നേരിട്ട് സന്ദർശിച്ചു. തുടർന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം കാളിഘട്ട് കാളി ക്ഷേത്രത്തിലും ദർശനം നടത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തിലും കാരണങ്ങളെക്കുറിച്ചും വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *