തിരുവനന്തപുരം: കോവളത്ത് സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയാണ് പെണ്‍കുട്ടി. സ്പായിലെ ജീവനക്കാര്‍ അറസ്റ്റിലായി.

ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല്‍ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്‍ക്കായിരുന്നു. ജൂലായ് മുതല്‍ വിവിധ സ്പാകളില്‍ കുട്ടി ജോലി ചെയ്ത് വരികയായിരുന്നു. കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. പൊലീസ് വിവിധ സ്പാകളില്‍ പരിശോധന നടത്തുകയും ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചറിയുകയുമായിരുന്നു. പൂവാര്‍ സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളേയും സ്പായില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

16 വയസ് പ്രായമുണ്ടെന്ന് പൊലീസ് പറയുന്ന ഈ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈയില്‍ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര്‍ കാര്‍ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്ന് പൊലീസ് സംശയിക്കുന്നു. കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *