സമലേശ്വരി എസ്‌സിയെ 3-2ന് വീഴ്ത്തി; ക്രിസ്ലന് ഇരട്ടഗോൾ
കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ലീഗ് (ഐഎഫ്എൽ) 2026–27 സീസണിലെ ആദ്യ മത്സരത്തിൽ സമലേശ്വരി എസ്‌സിക്കെതിരെ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഗോകുലം കേരള എഫ്‌സിക്ക് തകർപ്പൻ ജയം. നിറഞ്ഞ കാണികളെ സാക്ഷിയാക്കി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-2നാണ് ഗോകുലം വിജയിച്ചത്. ബ്രസീലിയൻ താരം ക്രിസ്ലന്റെ ഇരട്ടഗോളുകളാണ് ഗോകുലത്തിന് സീസണിലെ ആദ്യ മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഗോകുലം കേരള ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി. 15-ാം മിനിറ്റിൽ ക്രിസ്ലൻ ആദ്യ ഗോൾ കണ്ടെത്തിയതോടെ ഗോകുലം മുന്നിലെത്തി. 24-ാം മിനിറ്റിൽ മകൻ ചോത്തെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള സമലേശ്വരി എസ്‌സിയുടെ ശ്രമങ്ങൾ മത്സരത്തിന് ആവേശം പകർന്നു. 74-ാം മിനിറ്റിൽ ഗോകുലം താരം സാർത്ഥക് ഗുർലോയിയുടെ സെൽഫ് ഗോളിലൂടെ സമലേശ്വരി ഒരു ഗോൾ മടക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പോരാട്ടം കൂടുതൽ കടുത്തു. 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഡയസ് ലക്ഷ്യത്തിലെത്തിച്ചതോടെ സമലേശ്വരി 2-2ന് ഒപ്പമെത്തി.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ, അധികസമയത്തിന്റെ എട്ടാം മിനിറ്റിൽ ക്രിസ്ലൻ വീണ്ടും വലകുലുക്കി. അവസാന നിമിഷത്തെ ഈ ഗോളിൽ ഇഎംഎസ് സ്റ്റേഡിയം ആവേശത്തിലായി. ഇതോടെ 3-2ന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ഗോകുലം കേരള സീസണിന് ഉജ്ജ്വല തുടക്കമിട്ടു.
ചികിത്സാ സഹായത്തിനായി ടിക്കറ്റ് വരുമാനം
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മത്സരത്തിൽ നിന്നുള്ള ടിക്കറ്റ് വരുമാനം സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ സഹായത്തിനായി ഗോകുലം കേരള എഫ്‌സി സംഭാവന ചെയ്യും.
സീസണിലെ അടുത്ത മത്സരത്തിൽ നവംബർ ഏഴിന് ഗോകുലം കേരള എഫ്‌സി രാജസ്ഥാൻ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ നേരിടും.
